കൊല്ലം: പുനലൂര്‍ നിയമസഭാ സീറ്റ് വീണ്ടും മുസ്ലിം ലീഗിന് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ച് മണ്ഡലത്തില്‍ വിമതനെ നിര്‍ത്താന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം തീരുമാനിച്ചു.
തെക്കന്‍ കേരളത്തില്‍ മുസ്ലിം ലീഗിനു നല്കിയ സീറ്റായ പുനലൂരില്‍ ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്.
പുനലൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവും ഡിസിസി ട്രഷററും യുഡിഎഫ് പുനലൂര്‍ നിയോജകമണ്ഡലം ചെയര്‍മാനുമായ നെല്‍സണ്‍ സെബാസ്റ്റ്യനെയാണ് വിമത സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരിക്കുന്നത്. നെല്‍സണ്‍ സെബാസ്റ്റ്യന്‍ മത്സരരംഗത്തിറങ്ങുന്നതോടെ മണ്ഡലത്തില്‍ യുഡിഎഫ് സംവിധാനത്തിനുള്ളില്‍ ഭിന്നത രൂക്ഷമാകും.
ലീഗ് സ്ഥാനാര്‍ഥികള്‍ തുടര്‍ച്ചയായി തോല്‍ക്കുന്നതുകൊണ്ടാണ് വിജയസാധ്യത പരിഗണിച്ച് പുനലൂര്‍ ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ ശക്തമായതെന്നും നേരത്തേ നേതൃത്വം സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിതന്നെ മത്സരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇത് ലീഗിന് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ചാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇന്നലെ അവര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പുനലൂരില്‍ പ്രകടനവും നടത്തി.